മഹാത്മാഗാന്ധി സർവ്വകലാശാലയുടെ മികച്ച സ്പോർട്സ് പെർഫോമിംഗ് കോളേജ് ആയി വനിതാ വിഭാഗത്തിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. 2023-24 അധ്യയന വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജ് ഈ നേട്ടം കൈവരിച്ചത്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സഹകരണ, തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു. ഒളിമ്പ്യന്മാരായ പത്മശ്രീ ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ, മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി ടി അരവിന്ദകുമാർ തുടങ്ങിയവയുടെ സാന്നിധ്യത്തിൽ യുസി കോളേജിന് വേണ്ടി ഓട്ടോണമി ഡയറക്ടറും മുൻ കായിക വകുപ്പ് അധ്യക്ഷനുമായ ഡോ അനിൽ തോമസ് കോശി, കായിക വകുപ്പ് അധ്യക്ഷ ഡോ ബിന്ദു എം, ഡോ രജീഷ് ടി ചാക്കോ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി.
അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും, ട്രോഫിയും ചേർന്നതാണ് അവാർഡ്.
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ അഫീലിയറ്റ് ചെയ്യപ്പെട്ടിട്ടുള്ള 300 ഓളം കോളേജുകളിൽ നിന്നാണ് യുസി കോളേജ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതോടൊപ്പം പുരുഷ വിഭാഗത്തിൽ നാലാം സ്ഥാനവും (20,000 രൂപയും പ്രശസ്തി ഫലകവും, ട്രോഫിയും) നേടി.
ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാനും കോളേജിന് സാധിച്ചു.