കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല പ്രോ വൈസ് ചാൻസിലർ പ്രൊഫ കെ. മുത്തുലക്ഷ്മി മുഖ്യാതിഥിയായി അധ്യാപക ദിന സന്ദേശം നൽകി.
സാങ്കേതികതകൾക്ക് അകത്തു അധ്യാപനം എന്നത് വളരെ ജൈവമായ ഒരു പ്രക്രിയ ആണെന്ന് പ്രൊഫ. മുത്തുലക്ഷ്മി ഓർമിപ്പിച്ചു.
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പാരസ്പര്യ ബന്ധത്തിൽ നിന്നാണ് അറിവാകുന്ന വെളിച്ചം ഉണ്ടാകുന്നതെന്ന് നാരായണീയത്തിലെയും ഭാഗവതത്തിലെയും ഉപമകൾ മുൻനിർത്തി അവർ പറഞ്ഞു.
സാമ്പ്രദായികം ആയിരുന്ന, ഒരു പ്രത്യേക ഭാഷയിൽ ഒതുങ്ങി നിന്നിരുന്ന അറിവിനെ ആധുനികമായിരിക്കുന്ന പദ്ധതിയിലേക്ക് സംയോജിപ്പിച്ചുകൊണ്ട് ആധുനികമായ കാഴ്ചപ്പാടിൽ പകർന്നു കൊടുക്കുവാൻ ഡോ. എസ് രാധാകൃഷ്ണന് സാധിച്ചിരുന്നതായി പ്രൊഫ. മുത്തുലക്ഷ്മി അഭിപ്രായപ്പെട്ടു.
കാലത്തിനനുസരിച്ച് എങ്ങനെ സ്വന്തം അറിവിനെ വിനിയോഗിക്കണമെന്ന് അറിഞ്ഞ് പ്രവർത്തിച്ചിരുന്ന അദ്ദേഹം അധ്യാപന രംഗത്തുള്ള എല്ലാവർക്കും ഒരു മാതൃകയാണെന്ന് പ്രൊഫ. മുത്തുലക്ഷ്മി പറഞ്ഞു.
വിരമിച്ച അധ്യാപകരെയും എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ 77 ആം സ്ഥാനം കരസ്ഥമാക്കിയ കോളേജിനെയും പൂർവി വിദ്യാർത്ഥികൾ ചടങ്ങിൽ ആദരിച്ചു.
കോളേജ് മാനേജർ റവ തോമസ് ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അജിത് കുമാർ പി.സി, വൈസ് പ്രസിഡൻറ് അജയകുമാർ യു.എസ്, എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ, പൂർവ അധ്യാപകരായ ഡോ. ലക്ഷ്മിക്കുട്ടി എൻ., ഡോ. രാജൻ വർഗീസ്, ഡോ. കെ.വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.