സ്നേഹത്തിൻ്റെ പങ്കിടലാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നും എല്ലാ അറിവും സ്നേഹത്തിൽ മാത്രമാണ് പൂർണ്ണമാകുന്നതെന്നും പ്രഫ.എം തോമസ് മാത്യു അഭിപ്രായപ്പെട്ടു. മതേതരത്വത്തിലും മാനവസ്വാതന്ത്ര്യത്തിലും അടിയുറച്ചുണ്ടാകുന്ന അറിവാണ് ശരിയായ അറിവെന്നും അദ്ദേഹം പറഞ്ഞു.ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സിനു വർഗീസ് സ്മാരക ഗവേഷണ പുരസ്കാരം സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനു വർഗീസ് സ്മാരക ഗവേഷണ പുരസ്കാരം ഡോ.ടി ടി പ്രഭാകരൻ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ് സമ്മേളനത്തിൽ അധ്യക്ഷനായി.
സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ മ്യൂസ് മേരി ജോർജ് സിനു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന ശതാബ്ദി പുസ്തക പരമ്പരയിലെ നാലാമത്തെ പുസ്തകമായ ഡോ.മിനി ആലീസ് എഡിറ്റ് ചെയ്ത ” യൂ സി ഓർമ്മകളിലെ വിളക്കുമരം ” എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രഫ. എം. തോമസ് മാത്യുവിൽ നിന്നും കോളേജ് മാനേജർ റവ. തോമസ് ജോൺ പുസ്തകം ഏറ്റുവാങ്ങി. ഡോ വന്ദന ബി. പുസ്തകം പരിചയപ്പെടുത്തി. ഡോ.വിധു നാരായൺ, ഡോ.എം. ഐ പുന്നൂസ്, ഡോ. ടി ടി പ്രഭാകരൻ , റവ.തോമസ് ജോൺ , ഡോ മിനി ആലീസ് എന്നിവർ സംസാരിച്ചു.