ശതാബ്ദി ആഘോഷിക്കുന്ന തങ്ങളുടെ പഴയ കലാലയ മുറ്റത്ത് ഗതകാല സ്മരണകൾ പങ്കുവെച്ച് ജൂലൈ മീറ്റ് പൂർവ വിദ്യാർത്ഥി സംഗമം നടന്നു. പത്തു മണിക്ക് വി.എം.എ ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 200 ലേറെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു.
പ്രിൻസിപ്പൽ ഡോ എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മാനേജരും പ്രിൻസിപ്പലും ആയ ഡോ. രാജു കെ. ജോൺ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയുടെ 100 വർഷങ്ങളാണ് യുസി കോളേജ് പൂർത്തീകരിച്ചതെന്നും ആധുനിക കാലത്തിൻറ സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി വൈജ്ഞാനിക വെല്ലുവിളികൾ ഏറ്റെടുത്ത് വളർച്ചയുടെ രണ്ടാം നൂറ്റാണ്ടിലേക്ക് കുതിക്കാൻ യൂസിക്ക് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശതാബ്ദി വർഷത്തെ പദ്ധതികളെക്കുറിച്ച് മാനേജർ റവ. തോമസ് ജോൺ ചടങ്ങിൽ സംസാരിച്ചു.
പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അഡ്വ. എ. ജയശങ്കർ,പൂർവ വിദ്യാർഥികളായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റസീന പരീത്, ആലുവ സെൻ്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ഫിസിക്സ് വിഭാഗം മുൻ മേധാവി,പ്ലാനറ്റ് ഏർത്ത് സ്ഥാപകൻ സൂരജ് ഏബ്രഹാം, പ്രൊഫ. കെ. ഗോവിന്ദൻകുട്ടി മേനോൻ, ഓഫീസ് സൂപ്രണ്ട് സോണി വർഗീസ്, ഡോ. ജെനി പീറ്റർ എന്നിവർ പ്രസംഗിച്ചു.
അമേരിക്കയിലെ പൂർവവിദ്യാർഥി സംഘടനയെ പ്രതിനിധീകരിച്ച് റിയാ രാജു, തിരുവനന്തപുരം ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ലക്ഷ്മി ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൂർവ വിദ്യാർത്ഥി വേണു വി ദേശം രചിച്ച ജോൺ പി ജോൺ സംഗീതം നൽകിയ കോളേജ് ഗാനം ചടങ്ങിൽ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥിയായ ഡോ. ടൈറ്റസ് പീറ്റർ നിർമ്മിച്ച “ബിയോണ്ട് സെവൻ സീസ്” എന്ന സിനിമയുടെ പ്രമോ ചടങ്ങിൽ അവതരിപ്പിച്ചു.