ജ്യോതിർഗമയ, ദൃഷ്ടി പദ്ധതി – രണ്ടാം ഘട്ടം

Report:

ദേശീയ നേത്രദാന പക്ഷാചരണം

യുസി കോളേജിൽ ജ്യോതിർഗമയ ഉദ്ഘാടനം

ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ചു യുസി കോളജിന്റെ നേതൃത്വത്തിൽ കേരള നേത്രബാങ്ക് അസ്സോസിയേഷൻ്റെയും എൽ. എഫ്. ആശുപത്രിയുടെ നേതൃത്വത്തിൽ നേത്രദാന ബോധവത്ക്കരണ യജ്ഞത്തിന്‍റെയും ദൃഷ്ടിപദ്ധതിയുടെയും ഉദ്ഘാടനം ബെന്നി ബഹനാന്‍ എം.പി. നിര്‍വ്വഹിക്കുന്നു. ഹരിലയ, ജയേഷ് ജി. പാറയ്ക്കല്‍, സിജോ ജോസ്, ഡോ. അനുമോള്‍ ജോസ്, ഫാ. വര്‍ഗ്ഗീസ് പാലാട്ടി, എം.ഒ. ജോണ്‍, ഫാ. ജേക്കബ്ബ് ജി. പാലയ്ക്കപ്പിള്ളി, ഡോ.ഹില്‍ഡ നിക്സണ്‍, ഡോ. മിനി ആലീസ് തുടങ്ങിയവര്‍ സമീപം

ആലുവ: ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ചു യുസി കോളജിന്റെ നേതൃത്വത്തിൽ കാൽ ലക്ഷത്തോളം പേർക്ക് നേത്രദാന സന്ദേശം എത്തിക്കാനും പതിനായിരത്തോളം നേത്രദാന സമ്മതപത്രങ്ങൾ ഒപ്പിട്ടു ശേഖരിക്കാനും കേരള നേത്രബാങ്ക് അസ്സോസിയേഷൻ്റെയും നാഷണൽ സർവീസ് സ്കീംു യൂണിറ്റിൻ്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ജ്യോതിർഗമയ’ പദ്ധതി, അങ്കമാലി എൽ. എഫ്. ആശുപത്രിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയെ സമ്പൂർണ്ണ തിമിരവിമുക്തമാക്കാനുള്ള ദൃഷ്ടി 2024-26 സൗജന്യ ചികിത്സാപദ്ധതി രണ്ടാംഘട്ടം, എന്നിവയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം. പി., നിർവഹിച്ചു. എൽ. എഫ്. നേത്ര ചികിത്സാകേന്ദ്രത്തിന്‍റെ വജ്ര ജൂബിലി പ്രമാണിച്ച് നടപ്പിലാക്കുന്ന സൗജന്യ നേത്രചികിത്സാ പദ്ധതിയാണ് ദൃഷ്ടി 2024 – 26.

ഈശ്വരന്‍റെ വരദാനമായ കണ്ണുകള്‍ മണ്ണിനുള്ളതല്ല, മനഷ്യനുള്ളതാണെന്നും നേത്രദാനം മഹാപുണ്യം ആണെന്നും ഉള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മതനേതാക്കള്‍ മുന്നോട്ട് വരണമെന്ന് നേത്രബാങ്ക് പ്രസിഡന്‍റും എല്‍.എഫ്. ഹോസ്പിറ്റല്‍ ഡയറക്ടറുമായി ഫാ. ജേക്കബ്ബ് ജി. പാലയ്ക്കപ്പിള്ളി മുഖ്യപ്രഭാഷണത്തില്‍ ഉദ്ബോധീപ്പിച്ചു.

ചടങ്ങിൽ കോളേജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ എന്നിവരുടെ നേത്രദാന സമ്മതപത്രങ്ങൾ യുസി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയ്ക്ക് കൈമാറി. നേത്രദാനം സംബന്ധിച്ച സംശയങ്ങൾക്ക് വിദ്യാർത്ഥികളുടെ നേത്രബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹിൽഡ നിക്സൺ മറുപടി നൽകി.

പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എൽ. എഫ്. ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അസ്സി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, മുനിസിപ്പൽ ചെയർമാൻ എം. ഒ. ജോൺ, വാർഡ് മെമ്പർ അബ്ദുൾ സലാം, നാഷണൽ സർവ്വിസ് സ്കീം ജില്ല കോ-ഓഡിനേറ്റർ റവ. എൽദോ കെ. ജോയി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അനുമോൾ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.