യുസി കോളേജിൽ തണലിടം സംരംഭത്തിന് തുടക്കമായി.
യുസി കോളേജിൽ തണലിടം സംരംഭത്തിന് തുടക്കമായി.
യുസി കോളേജിൽ തണലിടം സംരംഭത്തിന് തുടക്കമായി.

സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്ന തണലിടം പദ്ധതിക്ക് യുസി കോളേജിൽ തുടക്കമായി. യുസി കോളേജ് അങ്കണത്തിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു പദ്ധതി ഉദ്ഘാടനം ചെയ്തു. കരുമാലൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമാന പദ്ധതികളിൽ യുസി കോളേജിനെ കൂടെ പങ്കാളിയാക്കാനുള്ള സന്നദ്ധത ശ്രീലത ലാലു അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


യൂസിയൻ സമൂഹത്തിൽ നിന്നുള്ള ജൈവവിഭവങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്ന ഹരിത കേന്ദ്രം, ആവശ്യം കഴിഞ്ഞതോ ആവശ്യത്തിലേറെയോ ഉള്ളതായ വസ്തുക്കൾ മിതമായ വിലയിൽ ലഭ്യമാകുന്ന ത്രിഫ്റ് ഷോപ്പ് പദ്ധതി, അധ്യയന ദിവസങ്ങളിൽ വിശക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി എന്നിവ ചേർന്ന ത്രിമുഖ സംരംഭമാണ് തണലിടം.

സൗജന്യ ഉച്ചഭക്ഷണ വിതരണം പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണൻ നിർവഹിച്ചു. തുടർന്ന് ഹരിത കേന്ദ്രത്തിന്റെ കല്ലടിയിൽ കർമ്മം ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

കോളേജ് മാനേജർ റവ. തോമസ് ജോൺ, പൂർവവിദ്യാർഥി സംഘടന ജനറൽ സെക്രട്ടറി അജിത് കുമാർ പി.സി, കരുമാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി, വാർഡ് മെമ്പർ അബ്ദുൽ സലാം, വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എസ്.ബി ജയരാജ്, ചുമട്ട് തൊഴിലാളി സംഘം യൂണിറ്റ് പ്രസിഡൻറ് അബ്ദുള്ള കടൂപ്പാടം, തണലിടം പദ്ധതിയുടെ കോ – ഓർഡിനേറ്റർ ഡോ. അനുമോൾ ജോസ്, ജോഷി പോൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

വീടുകളിൽ ആവശ്യമില്ലാതിരിക്കുന്നതും മറ്റുള്ളവർക്ക് പ്രയോജനകരമാകുന്നതുമായ ഉൽപ്പന്നങ്ങൾ ആർക്കും തണലിടം കേന്ദ്രത്തിലേക്ക് നൽകാനാവും.

കൂടുതൽ വിവരങ്ങൾക്ക്: 9526842656.