100 വർഷത്തെ പാരമ്പര്യമുള്ള ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ആദ്യകാല അധ്യാപകരിൽ ഒരാൾ ആയിരുന്ന ടി.വി. ജോണച്ചന്റെ ജീവചരിത്ര ഗ്രന്ഥം “ആലുവയിലെ ജോണച്ചൻ” സെപ്റ്റംബർ 14 വ്യാഴം രാവിലെ 11ന് കോളേജിലെ ടി.ബി. നൈനാൻ ഹോളിൽ വച്ച് മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ. ബേബി ജോൺ അച്ചന്റെ മകൾ മറിയാമ്മ ജേക്കബിന് ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്തു.
ജോണച്ചന്റെ പുത്രനായ ഡോ. അലക്സാണ്ടർ ജോൺ ആണ് ജീവചരിത്രം രചിച്ചത്. യുസി കോളേജിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ചും കോളേജ് അനേക തലമുറകൾക്ക് പകർന്നു നൽകിയ മൂല്യങ്ങളെക്കുറിച്ചും ഇവിടുത്തെ അധ്യാപകരുടെ ദീർഘവീക്ഷണത്തെക്കുറിച്ചും എം.എ ബേബി പരാമർശിച്ചു. ഫാ ടി.വി. ജോൺ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടുമുട്ടിയ ജയചന്ദ്രൻ എന്ന യുവാവിനെ കോളേജിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പഠിപ്പിക്കുകയും പിന്നീട് അദ്ദേഹം ഏവരും അറിയുന്ന ഗുരു നിത്യ ചൈതന്യ യതിയായി വളരുകയും ചെയ്ത ചരിത്രം അനുസ്മരിക്കപ്പെട്ടു. എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊള്ളാനും അവരുടെ ധൈഷണിക താൽപര്യങ്ങൾക്ക് അനുസരിച്ച് വളരുവാനും അവസരം ഒരുക്കിയ യുസി കോളജിന്റെ മാതൃക ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷതവഹിച്ചു. പുസ്തക രചയിതാവ് ഡോ അലക്സാണ്ടർ ജോൺ , യു.സി കോളേജ് മാനേജർ റവ തോമസ് ജോൺ , ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ ചാക്കോ , ജോൺ അച്ചൻറെ കൊച്ചുമകൾ അന്സു അന്ന ജോൺ ,ബർസാർ ഡോ. സിബു എം. ഈപ്പൻ, കേണൽ ഷക്കീർ ജേക്കബ് എന്നിവർ സംസാരിച്ചു.
ഉച്ചതിരിഞ്ഞ് ഉള്ള യോഗത്തിൽ ജോൺ അച്ചന്റെ കൊച്ചുമകൾ അൻസു അന്ന ജോൺ പാരിസ്ഥിതിക അവബോധം എന്ന വിഷയത്തിൽ വിദ്യാർത്ഥികളുടെ സംസാരിച്ചു.