ആലുവ നഗരസഭയുടെയും, യു.സി. കോളേജിൻറെയും ശതാബ്‌ദി പ്രമാണിച്ച് ആലുവ നഗരസഭ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി, ഹെൽപ് ഏജ് ഇന്ത്യ, യു.സി. കോളേജ് എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ യുസി കോളേജിൻറെ നേതൃത്വത്തിൽ നഗരസഭയെയും, കരുമാലൂർ പഞ്ചായത്തിനെയും സമ്പൂർണ്ണ തിമിരവിമുക്തമാക്കാനുള്ള യു.സി – എൽ .എഫ് നിലാവ് പദ്ധതിയുടെ ഉദ്‌ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പദ്ധതിയുടെ കീഴിൽ തിമിരബാധിതരെ കണ്ടെത്തി അർഹരായ എല്ലാവർക്കും തിമിര ശസ്ത്രക്രിയ തീർത്തും സൗജന്യമായി ചെയ്ത് നൽകുമെന്ന് എൽ.എഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ.ജോയ് അയിനിയാടൻ അറിയിച്ചു. യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.എഫ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ.റോക്കി കൊല്ലംകുടി, മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ, വർഗ്ഗീസ് പോൾ, രോഹിത് രാജീവ്, എം. പി. സൈമൺ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തിമിര ബാധിതരെ കണ്ടെത്താൻ നഗരസഭയിലെയും, പഞ്ചായത്തിലെയും ആശാ വർക്കർമാർക്കും, അംഗൻവാടി ടീച്ചേഴ്സിനും യു.സി കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാർക്കും പ്രത്യേകം പരിശീലനം നൽകിയിരുന്നു. നൂറോളം പേർക്കാണ് ഇപ്രകാരം പരിശീലനം നൽകിയത്. ഇവർ നഗരസഭയുടെയും, പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തിമിര ബാധിതരെ കണ്ടെത്തിയാണ് നിലാവ് പദ്ധതിക്ക് തെരഞ്ഞെടുക്കുക.