യുസി കോളേജിൽ ഗാന്ധി ശില അനാച്ഛാദനം ചെയ്തു.

മഹാത്മാഗാന്ധി 1925 ൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശിച്ച സന്ദർഭത്തിൽ നട്ട മാവിൻ ചുവട്ടിൽ ഒരുക്കിയ ഗാന്ധി ശില യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മെത്രാപ്പോലീത്ത ഗീവർഗീസ് മോർ കൂറിലോസ് അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ നാം ഓരോരുത്തരുടെയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെ സന്ദർശനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ശില ഒരുക്കിയത്.

നാല് ടൺ ഭാരവും ആറടി നീളവും നാലടി ഉയരവും രണ്ടടി ഘനവും ഉള്ള കൂറ്റൻ ശില ഫലകത്തിൽ ഗാന്ധിജി കോളേജ് ഡയറിയിൽ എഴുതിയ വാചകങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പെരുമ്പാവൂരിലെ കുറുപ്പുംപടി പോരിൽ നിന്നുള്ള മലകളിൽ നിന്നുമാണ് ഇതിനാവശ്യമായ ശില കണ്ടെത്തിയത്.

കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ്, പ്രിൻസിപ്പൽ ഡോ മിനി ആലീസ്, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ സുനിൽ എബ്രഹാം തോമസ്, മുൻ മാനേജർ റവ തോമസ് ജോൺ, മുൻ പ്രിൻസിപ്പൽ ഡോ എ. ബെന്നി ചെറിയാൻ, പ്രൊഫ. ഗോവിന്ദൻകുട്ടി മേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശില്പം ഒരുക്കിയ കോളജിലെ പൂർവവിദ്യാർഥി കൂടിയായ ആർട്ടിസ്റ്റ് രാമചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.

കോളേജിലെ അധ്യാപകർ അനദ്ധ്യാപകർ, വിരമിച്ച അധ്യാപക അനധ്യാപകർ, മുൻ മാനേജർമാർ വിദ്യാർഥികൾ പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങി ഒട്ടനവധി ആൾക്കാർ പരിപാടിയിൽ പങ്കെടുത്തു.

മഹാത്മാഗാന്ധിയുടെ യുസി കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷികമായ 2025 ഗാന്ധിവർഷം എന്ന പേരിൽ വിവിധ പരിപാടികളോടെയാണ് കോളേജ് ആചരിക്കുന്നത്.