യുസി കോളേജിൽ പരിസ്ഥിതി ദിനാചരണം

യുസി കോളേജ് പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.
യുസി കോളേജിലെ എൻഎസ്എസ് യൂണിറ്റ് വെളിയത്ത്നാട് വെൽഫെയർ ട്രസ്റ്, കോളേജിലെ എൻസിസി യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് മിയാവാക്കി വനം നിർമ്മിക്കുവാനുള്ള തൈകൾ നട്ടു. ചടങ്ങിൽ ഫാ. ബോബി ജോസ് കട്ടിക്കാട് മുഖ്യാതിഥിയായി പങ്കെടുത്തു.
ഒരു മരം നട്ടാൽ തീരുന്നതല്ല ഭൂമിയുടെ പ്രതിസന്ധി എന്നും നമുക്ക് മനസ്സിലാക്കാൻ പറ്റുന്നതിനേക്കാൾ ഗൗരവം ഉള്ളതാണ് അത് എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഈ കുട്ടി വനം ഒരു മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് ക്യാമ്പസിലെ 15 സെന്റിൽ ആയിരം മരങ്ങൾ നട്ടുവളർത്തുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കെ.എഫ്.ആർ. ഐ., പീച്ചി, പദ്ധതിയിലേക്ക് 100 വൃക്ഷത്തൈകൾ നൽകി. സംസ്ഥാന സർക്കാരിൻറെ ഹരിത കേരള മിഷൻ, പരിസ്ഥിതി പ്രവർത്തകനായ മനോജ് കുമാർ ഐബിയുടെ റീ വൈൽഡ് കേരള എന്നിവ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

ചടങ്ങിൽ കോളേജ് മാനേജർ ഡോ. കെ. പി. ഔസേപ്പ് ഐ എഫ് എസ്, പ്രിൻസിപ്പൽ
ഡോ. മിനി ആലീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അനുമോൾ ജോസ്, എൻസിസി ഓഫീസർമാരായ ലെഫ്റ്റനന്റ് നിനോ ബേബി, ഡോ. ജെനീഷ് പോൾ, ഹരിത കേരള മിഷനെ പ്രതിനിധീകരിച്ചുകൊണ്ട് അരുൺ കെ എൽ തുടങ്ങിയവർ സംസാരിച്ചു.

സുവോളജി വകുപ്പിന്റെ നേതൃത്വത്തിൽ ലെറ്റർ റ്റു എർത്ത് ആൻഡ് പ്ലഡ്ജ് ട്രീ എന്ന പേരിൽ പരിസ്ഥിതി ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ കോട്ടൺ ക്യാൻവാസിൽ കൈമുദ്ര പതിപ്പിക്കുകയും പാരിസ്ഥിതിക പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.

ബയോഡൈവേഴ്സിറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്യാമ്പസ് ക്ലീനിങ് ഡ്രൈവും ഇതോടൊപ്പം നടന്നു.