കേരള സർക്കാരിൻറെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പിൻറെ ഐഐഐ സെൽ (ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രക്ടീവ് സെൽ) പ്രൊജക്റ്റുമായി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ധാരണാപത്രം ഒപ്പുവച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കുന്നതിനായി കെൽട്രോൺ രൂപകല്പന ചെയ്ത പ്രോജക്ട് ആണ് ഐ. ഐ. ഐ.സെൽ.
കെൽട്രോണിന് വേണ്ടി നോളജ് സർവീസ് ഗ്രൂപ്പ് റീജണൽ ഹെഡ് മൃദുല ഐ ആർ , പ്രൊജക്റ്റ് കോർഡിനേറ്റർ ആദിത്യരാജ് എന്നിവരും യൂസി കോളജിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രിൻസിപ്പൽ ഡോ മിനി ആലീസ്, മാനേജർ കെ പി ഔസേപ്പ്, ഐ എഫ് എസ്, ഡോ. ബിന്ദു എം , രാഖി റാഫേൽ, ജിൻസി എബ്രഹാം, ശിഖ ബി. കടയത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എംബഡഡ് സിസ്റ്റം ഡിസൈൻ, ബ്ലോക്ക് ചെയിൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, ഫയർ ആൻഡ് സേഫ്റ്റി, മൊബൈൽ ഫോൺ ടെക്നോളജി, റിസർച്ച് മെത്തഡോളജി ആൻഡ് ഡാറ്റാ അനലിറ്റിക്സ്, തുടങ്ങിയ വിഷയങ്ങൾ അടക്കം വിവിധ കോഴ്സുകൾ നോളജ് സെൻറർ വഴി യുസി കോളേജ് വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
നൈപുണ്യ വികസനത്തോടൊപ്പം നാലുവർഷം ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധിക ക്രെഡിറ്റുകൾ നേടുവാനും ഈ കോഴ്സുകൾ വഴിയൊരുക്കും.