യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അന്താരാഷ്ട്ര ശിൽപ്പശാല.

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ സെൻറർ ഫോർ ഔട്ട്റീച്ച് ആൻഡ് ഗ്ലോബൽ എൻഗേജ്മെന്റിന്റെ (കോഗ്) ആഭിമുഖ്യത്തിൽ കോളേജിലെ ബോട്ടണി, ബയോസയൻസസ്, സുവോളജി വകുപ്പുകളുടെ സഹകരണത്തോടെ റൂട്ട്സ് ആൻഡ് അൽഗോരിതംസ് 2026 എന്ന പേരിൽ മാൻഗ്രൂവ് റെസിലിയൻസ് ത്രൂ മോളിക്യുലാർ ടൂൾസ്, എഐ ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്ന വിഷയത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ശിൽപ്പശാല ആരംഭിച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി രജിസ്ട്രാർ അരുൺ എ.യു. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് എൽദോ വർഗീസ് അധ്യക്ഷത വഹിച്ചു.
തീരപ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് വിശിഷ്ട അതിഥികൾക്ക് കണ്ടൽ ചെടികൾ സമ്മാനിച്ചു.

യുകെ പ്ലൈമത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും മറൈൻ കൺസർവേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ജയിംസ് ഡേവിഡ് ആഷ്‌ക്രോഫ്റ്റ്, ഓസ്കാർ ആൻ്റണി ഹബിൾ പോളിൻസ്കി, യുസി കോളേജിലെ പൂർവ വിദ്യാർത്ഥിയായ മിർസാൻ ഫയാസ് അഹമ്മദ് എന്നിവർ ഒരാഴ്ച നീളുന്ന ഈ ശില്പശാലയിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു.
ഇന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിനുശഷം നടന്ന വിവിധ സെഷനുകളിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഗ്രീൻസൺ ജോർജ്, കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ റെജിന ഹർഷെ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
കോളേജ് മാനേജർ ഡോ കെ പി ഔസേപ്പ്, ശില്പശാല കോഡിനേറ്റർ ഡോ. ഫെമി അന്നാ തോമസ്, ഡോ ധനുഷ് ബി. ഡെയിൻസ് തുടങ്ങിയവർ സംസാരിച്ചു

കേരളതീര പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണവും ഗവേഷണവും മുൻനിർത്തിയാണ് ഈ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നത്.
പ്രോഗ്രാമിംഗ് ഭാഷയായ ‘ആർ’ ആരംഭം മുതൽ പഠിപ്പിക്കുന്ന “കോഡിങ് മാസ്റ്റർ ക്ലാസ്: ലേൺ ആർ ഫ്രം സ്ക്രാച്ച്”, മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തണ്ണീർത്തടങ്ങളിൽ പ്രത്യേകം കാണുന്ന പക്ഷികളെ തിരിച്ചറിയുന്ന രീതികൾ പഠിപ്പിക്കുന്ന “എ.ഐ. ഇൻ ദ ഫീൽഡ്”, ഹാൻഡ്സ്-ഓൺ മോളികുലാർ മെത്തഡ്സ് ഫോർ മാൻഗ്രൂവ് റിസർച്ച് എന്ന പ്രായോഗിക പരിശീലനവും ശിൽപ്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാൻഗ്രൂവ് എക്സ്പെഡിഷൻ എന്ന ഫീൽഡ് പരിപാടിയിലൂടെ എളങ്കുന്നപ്പുഴ തണ്ണീർത്തട മേഖലയിലെ ജൈവ വൈവിധ്യ സർവേയും തുടർന്ന് മുനമ്പം ഹാർബറിലെ മത്സ്യ സർവേയും ശില്പശാലയുടെ ഭാഗമായി നടത്തുന്നു.
ശാസ്ത്രീയ പഠനവും സാങ്കേതിക നവീകരണവും പരിസ്ഥിതി സംരക്ഷണവും ഏകോപിപ്പിക്കുന്ന ഈ അന്താരാഷ്ട്ര ശിൽപ്പശാല വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പുതിയ വഴികൾ തുറക്കും എന്ന് സംഘാടകർ അറിയിച്ചു.